Posts

കടൽ പറയുന്നത്

എന്നിലേക്ക് ചാഞ്ഞ് ഒരു മരനിഴൽ പോലുമില്ല . തണുതണുത്ത ഒളിവിടങ്ങൾ ഇല്ല . ഉയരങ്ങളിൽ നിന്ന് താഴേയ്ക്ക് കുതിപ്പില്ല . ഇലവീണലിയുന്ന ഉൾവനനീലിമയില്ല . നീർ മോന്തും കുഞ്ഞിമാനുകളുടെ ഉമിനീരെന്നിൽ കലരുന്നില്ല . ശാന്തതയുടെ സൂക്ഷ്മ ലയനത്തിൽ ഞാനൊരിക്കലും ഒഴുക്ക് നിർത്തി ധ്യാനലീനനാവാറില്ല ... ' ഇതെല്ലാമനുഭവിച്ച എൻ്റെ പുഴേ അവസാനമെൻ്റെ അപാരതയിലേയ്ക്ക് നിൻ്റെ വിലയനം ... ശൂന്യതയുടെ ഏകാന്തതയുടെ കൺനോട്ടങ്ങളെത്താത്ത തരിശുനിലങ്ങളെന്നിൽ ... പ്രിയേ ... അലറുന്നുണ്ട് . ഏതോ പ്രേരണയാൽ ഏതുൾവനങ്ങൾ തേടിയാണ് തിരകളായടിച്ചു ചിതറുന്നത് . അഴിമുഖങ്ങളിൽ എനിക്ക് വികാരമൂർച്ഛയുണ്ടാവുന്നു . നിൻ്റെ നനവും കുളിരും പതയും , ഗന്ധവുമെന്നെ വികാരത്തിൻ്റെ പരമ കോടിയിലെത്തിക്കുന്നു ...

മാവുകൾ പൂത്തു

ധനുമാസമെത്തിയാദ്യ മഞ്ഞിറക്കം വന്നുവല്ലോ! മാമ്പൂക്കളിനി കൊഴിയുമോ അമ്മതൻ വേവലാതി . തീയിടണം ചുവട്ടിൽ പുകയേൽക്കണമെത്രത്തോളം .. അമ്മതൻ മൃദുസ്വനം പുലരിയിലെ മഞ്ഞിൻ തഴുകൽ പോലോർമ്മയിൽ !! തൊടിയിലാകെ നോക്കി എവിടെ മാവുകൾ !! വെട്ടിമാറ്റിയെല്ലാമിനി എവിടെ പൂക്കാൻ ! വെട്ടിമാറ്റിയെല്ലാം തരിശാക്കി നിലങ്ങളെല്ലാം .. വെട്ടിയൊന്നമ്മയ്ക്ക് വേണ്ടി എരിഞ്ഞമരാൻ ! ഒന്നച്ഛനും പിന്നീടൊരിക്കൽ . കൂറ്റനാമൊന്ന് ഭയമേകി നിന്നു പുരപ്പുറം ചാഞ്ഞെങ്കിലോ !! വെട്ടിയതും,നിർഭയനായി ഞാൻ.. തടിയൊത്ത നാട്ടുമാവ് കൊതിയോടെ ഭാസ്കരേട്ടൻ തരാമൻപതിനായിരം പിടിയഡ്വാൻസായിരം വീണു ഞാനതിൽ പ്രാരാബ്ധക്കാരൻ ... നടവഴി നിരങ്ങി വീണു നാട്ടുമാവും ലോറിയേറിപ്പോയി .. ഇനിയെന്തിൽ പൂക്കാൻ !! മാവെങ്ങിനെയിരിക്കുമപ്പൂപ്പാ കുഞ്ഞിൻ സ്വനം .. ചൂണ്ടിക്കാണിക്കാനാവില്ലല്ലോ മാവില്ലല്ലോയൊരിടത്തും . വരച്ചു ഞാൻ കടലാസിൽ മാവിങ്ങനെ മോനെ .. ഇങ്ങനെ . ചുണ്ടൊന്നു വിങ്ങിയൊരു നീറ്റൽ , അറിഞ്ഞു ഞാൻ ചുന കൊണ്ട് മുറിഞ്ഞ നീറ്റൽ ....

കടവിലേകൻ

കടവുകളൊഴിഞ്ഞിരിക്കുന്നു . അവസാന ആരവുമായി ദൂരെ പൊട്ടു പോലെയൊരു യാനം ... കൽപ്പടവുകളിൽ ചൂടൊഴിഞ്ഞിട്ടില്ല കൈകോർത്ത് ചേർന്നിരുന്നതിൻ്റെ തരിപ്പിനാൽ കല്ലിനും വിറയലോ ! ഇവനേ .... നീയിരുന്നയിടത്തിൻ്റെ ഒരടയാളം ബാക്കി വെച്ചാണോ നീയാരവങ്ങളിൽ നിന്ന് മടങ്ങിയത് ? സൗഹൃദത്തിൻ്റെ പൂരക്കളി നടന്നതിവിടെയായിരുന്നു ... ഞാനപ്പോൾ നീലനിലാവിൽ തെങ്ങിൻ നിഴൽപ്പാടുകളിൽ ഒരു യക്ഷനായി അലയുകയായിരുന്നു .. പ്രിയനേ ഇവനേ നമ്മുടെ സൗഖ്യ നിമിഷങ്ങളെക്കുറിച്ച് നിൻ്റെ കൂട്ടങ്ങളോട് പറഞ്ഞുവോ ???

പുൽവാമയിൽ പൊലിഞ്ഞ വസന്തം !

  ചോരയും ഗന്ധകവും മതവും  മണക്കുന്ന അക്ഷരങ്ങൾ ഒരു കൂട്ടായ്മയ്ക്കായ് കേണു . രാത്രിയുടെ അന്ത്യയാമത്തിൽ ഞാൻ പുൽവാമയെയോർത്തു . മഞ്ഞ് വീണ് നനഞ്ഞലോഹക്കൂമ്പാരത്തിൽ കത്തിയെരിഞ്ഞ സീറ്റുകളിൽ കിനാവുകളിൽ അമ്മയെയോർത്ത പ്രണയിനിയെ ചുംബിച്ച കുഞ്ഞുങ്ങളെ തലോടിയ ശരീരങ്ങൾ എഴുന്നേറ്റിരിക്കുന്നതായി കണ്ടു . അവർ ചർച്ചയിലായിരുന്നു. രാജ്യ രാജ്യാന്തര പ്രശ്നങ്ങൾ കൈവിട്ടവർ  കുടുംബാംഗങ്ങളുടെ പേർ മന്ത്രിക്കുന്നുണ്ടായിരുന്നു . " ഉമേ ... സുമിതേ... എന്നൊക്കെ അവ്യക്ത നാമങ്ങൾ കേട്ടു .. ഉറക്കത്തിലെഴുന്നേറ്റ ഒരു സ്ത്രീ ശബ്ദവും "ഓ ...." വസന്തം  ഓരോ നാടുകൾ തേടി പോകുകയാണ് . ഔദ്യേഗിക ചടങ്ങുകൾ കഴിഞ്ഞ് ഞാനും നീയും  മാത്രമാവുന്ന സമയത്ത് ഞാനെന്റെ രാജ്യസ്നേഹം  പ്രകടിപ്പിക്കും ... വസന്തം  വേനൽച്ചെടികളെ തേടിപ്പോവുകയാണ് . തളിർക്കാൻ !! തളിർപ്പിക്കാൻ !!

പറ്റിപ്പ്

   ആദർശത്തിൽ കഴമ്പില്ല . അത് പ്രയോഗിക്കുമ്പോൾ പതിരില്ല . ദുരാഗ്രഹങ്ങൾ ചുമടുചുമടായി വന്ന് അടയിരിക്കുമ്പോൾ കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിലുകളായത് പിറക്കുന്നു . അറിയാതെ പോറ്റി വളർത്തപ്പെടുന്നു . കാക്കകളുടെ ആഹാരവും പറ്റി കുയിലുകളായി തന്നവ വളരുന്നു . വിത്തിട്ടവന് ജാള്യമില്ല . മറ്റു കാക്കക്കൂടുകൾ തേടിപ്പിടിക്കാലൊ . കരുതലോടെ  വളർത്തിയിട്ടും കാക്കയ്ക്കൊടുവിൽ കല്ലേറ് . കുയിലിന് ആസ്ഥാന പട്ടവും .

വവ്വാലുകൾ

  തലകീഴായ് തൂക്കം. രാക്കാറ്റേറ്റ് രാപ്പൂഗന്ധമേറ്റ് ഇരുൾ നിലങ്ങളിലൂടെ. സഞ്ചാര വേഗങ്ങളുടെ തുഴച്ചിൽ ദൂരങ്ങൾ . ജീവിതപ്പെരുമയുടെ തട്ടിൻപുറ സംഗമങ്ങൾ. രാത്രീഞ്ചരന്മാരുടെ  കേളീ വിലാസങ്ങളുടെ ദൃക്‌സാക്ഷികൾ. ഗന്ധർവ്വയാമങ്ങൾ തുറക്കുന്ന നിശാ ജാലകങ്ങൾ. നിലാവീഥിയിലൂടെ സുവർണ്ണമയൂരമായ് ഗന്ധർവ്വൻ . അകത്തളങ്ങളിൽ നിന്ന് പുറത്ത് വരുന്ന സുലക്ഷണമാർ നിദ്രാടന സുഖത്തിൽ സർവ്വ സുഗന്ധിയായി പൂത്തുലയുന്നു . അന്ത്യയാമ നേരങ്ങളിൽ മടക്കത്തിന്റെ നേർത്ത വിഷാദച്ഛവിയുമായ് നിർവൃതിയോടെ ഗന്ധർവ്വമാർ . ഒരു പകലിന്റെ ഒരു സത്യത്തിന്റെ കടന്നുവരവിൽ കള്ളങ്ങളുടെ പെരും കലവറകളിൽ ഞാനിന്നും ഒരു തലകീഴ്തൂങ്ങി നിൽപ്പുകാരൻ..

ഈ എം എസ്

 കാലത്തിൻ നിലവിളി കേട്ടെത്തിയോൻ  കാലാതിവർത്തിയാം ചിന്തകളേകിയോൻ കരാള കേരളത്തെ മരാളക്കുതിപ്പിൻ - സംഗമ യാഗഭൂമിയാക്കിയോൻ ...