കടൽ പറയുന്നത്
എന്നിലേക്ക് ചാഞ്ഞ്
ഒരു മരനിഴൽ പോലുമില്ല .
തണുതണുത്ത
ഒളിവിടങ്ങൾ ഇല്ല .
ഉയരങ്ങളിൽ നിന്ന്
താഴേയ്ക്ക്
കുതിപ്പില്ല .
ഇലവീണലിയുന്ന
ഉൾവനനീലിമയില്ല .
നീർ മോന്തും
കുഞ്ഞിമാനുകളുടെ
ഉമിനീരെന്നിൽ
കലരുന്നില്ല .
ശാന്തതയുടെ
സൂക്ഷ്മ ലയനത്തിൽ
ഞാനൊരിക്കലും
ഒഴുക്ക് നിർത്തി
ധ്യാനലീനനാവാറില്ല ...
'
ഇതെല്ലാമനുഭവിച്ച
എൻ്റെ പുഴേ
അവസാനമെൻ്റെ
അപാരതയിലേയ്ക്ക്
നിൻ്റെ വിലയനം ...
ശൂന്യതയുടെ
ഏകാന്തതയുടെ
കൺനോട്ടങ്ങളെത്താത്ത
തരിശുനിലങ്ങളെന്നിൽ ...
പ്രിയേ ...
അലറുന്നുണ്ട് .
ഏതോ പ്രേരണയാൽ
ഏതുൾവനങ്ങൾ തേടിയാണ്
തിരകളായടിച്ചു ചിതറുന്നത് .
അഴിമുഖങ്ങളിൽ
എനിക്ക്
വികാരമൂർച്ഛയുണ്ടാവുന്നു .
നിൻ്റെ നനവും കുളിരും
പതയും , ഗന്ധവുമെന്നെ
വികാരത്തിൻ്റെ
പരമ കോടിയിലെത്തിക്കുന്നു ...
Comments
Post a Comment