ഭ്രാന്ത്
വിവേകിയെന്ന്
തിരിച്ചറിയുമ്പോൾ
അല്ലെങ്കിൽ വെളിപാടുകൾ
കുഞ്ഞുറുമ്പുകളായ്
അരിച്ചിഴയുമ്പോൾ
ഛേയെന്നൊരു ശബ്ദം
വാക്കുകളെ തൊണ്ടയിൽ കുരുക്കി
ലജ്ജിതനായി പുറത്തുവരുന്നു.
കാലങ്ങളായി മനസ്സിലടക്കിയത്.
പറയുമ്പോഴുമെഴുതുമ്പോഴും
ഒരുൾക്കടവികാരം
ഒരു പുറന്തോടായതിനെ പൊതിഞ്ഞുകൊണ്ട് ..
ഒറ്റവാക്കിലൊതുങ്ങിപ്പോകുന്ന
കഠിനകൽമഷങ്ങളുടെ
കരിന്തേൾക്കുത്ത്.
ഒരു തീയലയായത്
വായുവിൽ പടരുന്നത്.
ചാരമുള്ളിലൊതുക്കി
ജീവസുറ്റ ശബ്ദമാകുന്നത്.
കാര്യകാരണബന്ധങ്ങളുടെ
ചുരുളഴിച്ചുപോവുമ്പോൾ
വാഴ്ചകളുടെ
ആയോധനമുറകളും
വീരാരാധനകളും
വീഴ്ചകളുടെ
വിലാപയാത്രകളും
നിയോഗങ്ങളുമെല്ലാം ചേർന്നൊരു
തിട്ടൂരചാർത്ത് വെളിപ്പെട്ടു വരും...
ഉറയൊഴിഞ്ഞ
പാമ്പിൻതോൽനാവ് കടന്ന്
തൊണ്ടക്കുഴിയോളം ..
അടക്കം ചെയ്ത വാക്കുകളുടെ
ശവപ്പറമ്പുകളിലൂടെ അലയുമ്പോൾ
ഭ്രാന്ത് ഭ്രാന്തെന്ന് പുലമ്പുന്നവനേയും കാണാം...
അടരടരുകളായി മറവിയിൽ കുരുങ്ങിപ്പോയ
ഓർമ്മകളുടെ ആ തടവുകാരൻ.....!!!!!!
ദേശാഭിമാനി 9 ജൂൺ 2019
Comments
Post a Comment