ജലക്കവിതകൾ
--1--
ഇന്നലെയും ഇന്നും .... നാളെ !!! ??
ജീവൻ പോവുന്നേരമിറ്റു ജലം
മച്ചിലെ തട്ടിൽ തൂങ്ങും
കുപ്പിയിലെ ഗംഗാജലം .
ജീവൻ പോവുന്നേരമിറ്റു ജലം
കോൺക്രീറ്റ് ഷോക്കേസിലിരിയ്ക്കും
കുപ്പിയിലെന്നോ വറ്റിപ്പോയൊരെൻ
കിണറ്റിൻ ജലം...
--2 --
തർപ്പണം ചെയ്യാൻ
വിറയ്ക്കും കൈകളിൽ
എള്ളുമുണങ്ങിയ ചെറൂളയും
വരണ്ട ചന്ദനവും.
നീരില്ലർപ്പിക്കാനിറ്റും
വരണ്ടൂ തൊണ്ടയും .
പോയൊരാത്മാക്കൾ തൻ
ദാഹമല്ല ചുടുന്നതെൻ സോദരാ
ജനിയ്ക്കാൻ പോവുമെൻ
കുഞ്ഞിനിനിയെങ്ങിനെ നെല്കു--
മിറ്റു ജലം ചേർത്താ വയമ്പ് ...!!
--3--
കരയിലിരുന്ന്
പൊടിഞ്ഞമരുമീ
തോണിയിലെഴുതിയിട്ടുണ്ടൊരു
പുഴതൻ ജീവചരിത്രം .....
--4--
കോളക്കമ്പനികൾ
കുഴൽക്കിണറുകൾ
ഭൂമിതന്നപായങ്ങൾ .
കാടുകൾ
വയലുകൾ
പുഴകൾ
ഭൂമിതന്നാധാരങ്ങൾ.
അധാരങ്ങൾ
പണയം വെച്ചും
ചുട്ടെരിച്ചും
അപായങ്ങൾ
പരീക്ഷിച്ച് രുചിയ്ക്കുന്നു ..
--5--
കാവും
കുളങ്ങളും
നശിപ്പിച്ചുള്ള
പുരോഗമനങ്ങൾ
കൊണ്ടെത്തിച്ചത്
വെള്ളമില്ലായ്മയിലേയ്ക്കാണ് ...
കാവ് തീണ്ടല്ലേ എന്നെത്രയോതി മക്കളേ!
Comments
Post a Comment