ഇന്ത്യൻ
അനിവാര്യമായൊരു
തിരിച്ചുവരവ്
കാത്തു നിന്നവരിൽ നിന്നും
കൊത്തിത്തിന്നവരിൽ നിന്നും
ശിരസ്സറ്റുപോവും മുൻപ് ...
കാത്തു നിന്നവരെന്റെ
ശിരസ്സ് കാക്കുമെന്നൊരുറപ്പ് !!?
ഒളിവിടങ്ങളിൽ കൊത്തിപ്പറിച്ചവർ
രാകിയെടുക്കുന്നവസാനം
പ്രജ്ഞയും , ചേതനയും .
ഒരു രാത്രി മയക്കത്തിനൊടുവിൽ
ചിതൽ തിന്ന
കാൽപ്പാദങ്ങൾ .
ഓർമ്മകൾക്ക് മുൻപിൽ
ഭീകരമതിൽ പണിയുന്നവർ .
സ്വപ്നാടനം പോലെ
നടത്തിച്ചവസാനം
മുൾക്കാട്ടിലുപേക്ഷിക്കുന്നവർ ,
ഏറ്റവുമൊടുവിലവർ
എന്റെ കയ്യെഴുത്തു പ്രതിയും
മോഷ്ടിച്ചു .
പുതിയൊരധ്യായം തീർത്തവർ
സാമദ്രോഹിയെന്ന്
മുദ്രയും ചാർത്തി .
എന്റെ ചിന്തകളെയവർ
വഴി തിരിച്ചുവിടാനൊരുങ്ങും മുൻപ്
ഒരു പിടഞ്ഞു മാറലായിരുന്നു .
ജീവിച്ചയിടങ്ങൾ തേടിയവരിനിയും
വരും.
രാകിമൂർപ്പിച്ചായുധങ്ങളുമായ് .
എന്റെ
രൂപവും
ഗന്ധവും
മറ്‍റൊരടയാളങ്ങളുമില്ലാത്ത
തിരിച്ചറിയാത്ത
അതൊരു തൃശങ്കുവാണേൽപ്പോലും
അത്തരമൊരിടത്താവും
ഇനിയെന്റെ വാസം .
എങ്കിലും പ്രിയരേ (?)
വാക്കുകൾ
ശരങ്ങളാക്കുന്ന
എയ്തുവിടുന്ന
ഒരജ്ഞാതതീരത്തുണ്ടായിരിക്കും
ഞാൻ.
Comments
Post a Comment