പിന്നിട്ട കാലങ്ങൾ

 


പിന്നിൽ നിന്ന് വിളിക്കുന്നു

തെച്ചിയും മന്ദാരവും

സൂര്യകാന്തിയും തുമ്പയും

ചെമ്പരത്തിയും മുല്ലയും

അരിപ്പൂവും മുക്കുറ്റിയും

പൂകൊട്ടകളും നടന്ന വഴികളും 


പിന്നിൽ നിന്നോർമ്മിക്കുന്നു

തണൽതന്ന് മറഞ്ഞ മരങ്ങൾ

വിരൽ തുമ്പ് നീട്ടിയ സ്നേഹങ്ങൾ

വഴുക്കലിൽ താങ്ങിയ കരങ്ങൾ

വിതുമ്പലിലൊട്ടി നിന്ന സ്പർശങ്ങൾ 


പിന്നിൽ നിന്ന് വഴിക്കണ്ണുകളാവുന്നു

അമ്മ തൻ ചിതറിയ നോട്ടങ്ങൾ

ഇരുളിലടങ്ങിയ  നേർക്കാഴ്ചകൾ

കാണാത്തുരുത്തുകളിൽ 

തെളിഞ്ഞു കത്തിയ നന്മകൾ

വിരൽ ചൂണ്ടിയ വഴിയോരങ്ങൾ 


പിന്നിൽ നിന്ന് വിതുമ്പുന്നു

കളഞ്ഞിട്ട് പോന്ന സ്നിഗ്ദതകൾ

കണ്ണടച്ച് ചെയ്ത പാപശേഷിപ്പുകൾ

മനസ്സറിയാതെ പെയ്ത് തീർന്നു പോയ

വർഷങ്ങൾ ,ശരീരപെയ്ത്തുകൾ .


പിന്നിൽ തപസ്സിരിക്കുന്നു

മൗനമുദ്രകൾ തന്ന പ്രണയം


പിന്നിൽ നിന്ന് വഴുതി മാറുന്നു

തിരിഞ്ഞു നോക്കുമ്പോൾ കടമകൾ

ഒരൊറ്റ ജീവിതത്തിൽ തീർത്തു 

തീരാത്ത കടങ്ങൾ കടപ്പാടുകൾ .


പിന്നിൽ നിന്ന് മുന്നിലേയ്ക്കെത്തുന്നു

പടിഞ്ഞാട്ട് പുറംതിരിയുമ്പോഴെൻ നിഴൽ.

പിന്നിലസ്തമനം ,സൂര്യകാഹളം ,

ചക്രവാളദൈന്യം സർവ്വം സമർപ്പണം ....


Repost

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്