പൂച്ചയാണിന്നെൻ്റെ ദുഃഖം

 


പൂച്ചയെ പണ്ടേ എനിയ്ക്കിഷ്ടല്ല

എന്ന് പറഞ്ഞാലതിലൊരു

ശരികേടുണ്ട് .

ആത്മവഞ്ചനയുണ്ട് .

എന്തെന്നാൽ

കുഞ്ഞുന്നാളിൽ

നെഞ്ചത്തടുക്കി-

ക്കൊണ്ടു നടന്നിരുന്നു

ഒന്നിനെ .

"കുറിഞ്ഞ്യേ '' 

എന്ന് വിളിക്കുമ്പോൾ 

പാതി മിഴികൾ തുറന്നെന്നെ 

നോക്കുന്നത് .

പിന്നീട് ദൂരത്ത് നിന്നായി

ലാളനം .

അടുപ്പിക്കില്ല ..

ഇന്ന് പൂച്ചയെ കാണുമ്പോൾ

കല്ലെടുത്തെറിയുന്നതായി

ഭാവിച്ചും 

ശബ്ദമുണ്ടാക്കിയും

ഓടിക്കും .

അല്ലെങ്കിൽ 

മ്യാവു ശബ്ദമുണ്ടാക്കിയും

അതിൻ്റെ കണ്ണിലേക്ക്

ദൃഷ്ടി പതറാതെ നോക്കിയും

പേടിപ്പിക്കും .

പേടിക്ക് പകരം

ദൃഷ്ടി പതറാത്ത

പൂച്ചയുടെ കണ്ണിൽ

വന്യത തളം കെട്ടും .

കഴുത്തിൽ കടിച്ച്

കൊല്ലുന്ന ഒരു പുലിയുടെ

നിഴലതിൻ്റെ കണ്ണിൽ കാണും .

ഞാൻ പിന്മാറും ...

ഇപ്പോഴിപ്പോൾ 

എന്നെ തോൽപ്പിക്കാനെന്നോണം 

വെറുപ്പിക്കാനെന്നോണം

ഞാൻ രാവിലെ

പൂമുഖവാതിൽ തുറക്കുമ്പോൾ

കണിയായി

ഉറുമ്പരിക്കുന്ന 

പാറ്റയുടെ 

തുമ്പികളുടെ

ചിലപ്പോൾ എലിയുടെ

അവശിഷ്ടങ്ങൾ വരെ...


പക്ഷെ ഞാൻ തോറ്റു കൊടുക്കാൻ

തെയ്യാറല്ലെന്ന്

തൂത്തുവാരുമ്പോൾ 

വീണ്ടും വീണ്ടുമതിനെ

ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു .

അപ്പോഴും

ഏതോ മറവിലിരുന്നത്

എന്നെ

വീണ്ടുമേതോ വന്യതയിലൂടെ 

നോക്കിക്കാണുന്നുണ്ടാവും ...

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്