പുറപ്പെട്ട് പോകുന്നവർ

 

ഒന്നും പറയാതെയാണച്ഛൻ

നടന്നു മറഞ്ഞത് .

മീൻ വറുത്തത്

ഇച്ചിരി കരിഞ്ഞില്ലേ

എന്ന് ചോദിയ്ക്കാനൊരുങ്ങിയതാണമ്മ!

അതേ.. എന്ന വിളിയിൽ തന്നെ നിർത്തി .

(സസ്യാഹാരിയായ അച്ഛനോട് ....)

മഞ്ഞൾക്കറ പുരണ്ട വേഷ്ടിയിൽ

മുഖമമർത്തുമ്പോൾ

ദൂരങ്ങളിലേയ്ക്ക് പടർന്നിരുന്നച്ഛൻ .

ആറൊ... ഏഴോ ..

തവണകളെണ്ണിത്തിട്ടപ്പെടുത്താൻ

ധൈര്യം വന്നില്ല .

ഉച്ചയുടെ കുറുകിയ നിഴലുകളിലേയ്ക്ക്

നോട്ടങ്ങളെറിഞ്ഞമ്മ .

ഒരു ദീർഘനിശ്വാസത്തിൽ

കരിഞ്ഞുണങ്ങിയ പാടം കടന്ന്

കരിമ്പനകളുലഞ്ഞു ..

അടുക്കളയിൽ നിന്ന്

പൂമുഖത്തേയ്ക്ക്

തിരിച്ചങ്ങോട്ടും..

അച്ഛൻ തേടി പോയ

യാത്രാ വഴികളിലെ

സ്നാനഘട്ടങ്ങളും

ദർഗ്ഗകളും

സൂഫിവര്യന്മാരും

അമ്മയെക്കണ്ടു ..

ഇത്രയും ദീർഘമായ വഴികൾ

വേറെയില്ലെന്ന്

അവർ പറയുന്നുണ്ടായിരുന്നു .

ഏകാന്തമായ

അടുക്കളയ്ക്കുള്ളിൽ

അമ്മ ചടഞ്ഞിരുന്നു .

അരുകിൽ തേഞ്ഞ പലക

മുറിയൻ ചിരവ,

വക്ക് പോയ അലൂമിനിയം പാത്രം.

അമ്മയിൽ നിന്നൊരു 

ദീർഘനിശ്വാസം കൂടി .

പുറപ്പെട്ട് പോയ

ദൂരങ്ങളിലെവിടെയോ 

അച്ഛനതിന്റെ അലകളെത്തിപ്പിടിച്ചു .

മോക്ഷം ..മോക്ഷം ...

ആ ദൈവീക പ്രഭയിൽ

അച്ഛനാകെ അഴിഞ്ഞുലഞ്ഞു ....

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്