പറയാതെ പോയ പ്രണയങ്ങൾ
പറയാതെ പോയ പ്രണയത്തിന്റെ
ഒരു തുണ്ട്
വേലിയിൽ
കുരുങ്ങിക്കിടപ്പുണ്ട് .
ഒരു തുള്ളിച്ചോര
കടുക് മണിയോളം
ഉറുമ്പരിക്കാതങ്ങിനെ .
വെപ്രാളത്തിന്റെയും
ഒടുവിൽ
ഒരു കൈയ്യബദ്ധത്തിന്റേയും
പ്രതീകമായങ്ങിനെ ...
ബാക്കിയായൊരു പ്രണയം
ജനാലപ്പടിയിൽ
ഒരു തുള്ളി കണ്ണീരായി
ഒരു സൂര്യനെ പേറുന്നുണ്ട് .
മറന്നുവെച്ചൊരു പ്രണയം
അതിന്റെ അവകാശിയെ തേടി
പരലോകത്തേക്ക്
നോക്കിക്കൊണ്ടിരിക്കുന്നുണ്ട് .
പരസ്പരം സ്വീകാര്യമായൊരു
പ്രണയം
ഇന്നലെകളെയോർത്ത്
കേഴുന്നുണ്ട് .
ആറ്റിറമ്പിലൊരു പ്രണയം
അഴുകുന്നുണ്ട് .
ലോഡ്ജുമുറിയിലൊരു
പ്രണയം
മാനഭംഗപ്പെടുന്നുണ്ട് .
കോളേജ് കേമ്പസിൽ
മുദുലമായൊരു പ്രണയം
പ്രണയിതാക്കളെ
ഉപദേശിക്കുന്നുണ്ട് .
പെറ്റെഴുന്നേറ്റ പ്രണയമോ
കൈകാലിട്ടടിച്ച് കരഞ്ഞ്
തന്റെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട് ..
എന്നെ സ്നേഹിക്കൂ എന്ന്
വിതുമ്പി വിതുമ്പി
മുലപ്പാലീമ്പുന്ന പ്രണയം ...
Comments
Post a Comment