അക്ഷര ജന്മം
ഞാനക്ഷരമാണ് .
നശിക്കാത്തതെന്ന്
പൂർവ്വസൂരികൾ മുതൽ..
കുഞ്ഞുവായിലമ്മയായ്
പിറക്കുന്നാദ്യം
പഠിച്ചും പഠിപ്പിച്ചും
പറയിപ്പിച്ചും
കൂട്ടക്ഷരങ്ങളായ് ഞാൻ .
യാത്രയിൽ
മൌനാക്ഷരങ്ങളായ്
ഒറ്റയിൽ
മയങ്ങുമക്ഷരമായ്
കൂട്ടായ്മയിൽ
മുനയുള്ള വാചകങ്ങളായ്
തെരുവിലലറും
കൂറ്റൻ പ്രകമ്പനങ്ങളായ് .
ഞാനിരമ്പിയാർക്കുന്നു .
എന്നിലൂടൊരു പുതു ജന്മം
കാക്കും പ്രണയിതാക്കൾ
വേർപിരിയലിൽ
കണ്ണീരിലെന്നെ നനയ്ക്കും .
വിട !
വേലികൾ കെട്ടും
വേലികൾ പൊളിയ്ക്കും
പ്രയോഗത്തിലെന്നെ
വിടർത്തും ,വികലമാക്കും
വിയർക്കും
ഞാനൊന്ന് നാവിലെത്താത്തതിനാൽ .
വേദികൾ കയർക്കും
എന്നെ കടന്ന്
ചീമുട്ടകളും
ബോംബുകളും
വാരിയെറിയും .
എന്നെ പഠിച്ചൊരാൾ
മതിമറന്നുന്മത്തനായ്
തെരുവിൽ
ഭ്രാന്തനായ് പിറുപിറുക്കുന്നു .
ഒരർദ്ധരാത്രിയിൽ
ഒരു വെളിപാടിൽ
എന്നെ സർവ്വാംഗമറിഞവൻ!
ഒരൊറ്റ പുലമ്പലിൽ
ഒരു കുലം മുടിഞ്ഞു .
ഒന്നെന്നെ മറന്നതിൽ
ഒരു ജീവിതം മറഞ്ഞു .
പറയാൻ മടിച്ചതിനാൽ
ഒരു ജന്മം പാഴായി ,മുരടിച്ചു .
പാഴ്ജന്മങ്ങളിൽ ഞാൻ
വലിച്ചിഴച്ചേയിരുന്നു .
പ്രതിഷേധമാവാതെ പോയ ഞാൻ
കീഴടങ്ങിയ സ്ത്രീത്വത്തിൻ
ഉൾവിലാപമായ് .
ഇരുട്ടറകളിൽ
പ്രതിധ്വനിയായ്
ഒടുങ്ങിപ്പോയ് ഞാൻ ...
ഞാനിങ്ങനെയൊക്കെയായിപ്പോയ്
പാഴ്‌വേല ചെയ്യുമിവന്റെ
കയ്യിലെ പാവയായും..
ഗുഹാക്ഷരമായുണർന്നും
കല്ലക്ഷരമായ് നടന്നും
പ്രസ്സക്ഷരമായ് തുടർന്നും
ഉണ്ടുമുണ്ണാതെയും
ഉറങ്ങിയുറങ്ങാതെയും
വീണ്ടുമൊരു
കടലാസിൻ
താളിലൊരു
ദിവ്യാക്ഷരമായൊ
അന്ത്യാക്ഷരമായൊ
പിറക്കുന്നൊടുങ്ങുന്നു .
ചരം എന്നോ
അചരമെന്നോ
വിളിയ്ക്കുമെന്നെ ഞാൻ ?
Comments
Post a Comment