വരും വരാതിരിയ്ക്കില്ല
മറന്നെന്ന് പറയുന്നു
കൊഴിഞ്ഞു പോയതെന്തോ
തിരയുന്ന മിഴിയനക്കങ്ങൾ .
അവസാന യാമവും വരെ
കാത്തു കാത്തിരുന്ന
കഴച്ചു പോയ കൺതടങ്ങൾ .
ഉറക്കപ്പിച്ചിലുകളുടെ
തുടർച്ചകളിൽ
ചുക്കിച്ചുളിഞ്ഞ
കിടക്കവിരികളിൽ
അസ്വസ്ഥമാർന്ന
രാത്രിയിഴച്ചിലുകൾ .
തുടുത്ത കൺപോളകളിൽ
കുളിർധാര
നീറ്റൽ..
നനഞ്ഞ കാഴ്ചകളിലൂടെ
കാലടി പതിയാത്ത വഴിയിൽ
രാത്രി മഴയിൽ നനഞ്ഞ
നടപ്പാതയിൽ....
ഭാരമേറിയ മനസ്സുമായൊരുവൻ
വന്നു പോയൊ ?
കൺ തൂക്കങ്ങളുടെ
നിതാന്ത സൂക്ഷിപ്പിൽ
ചടുലതയുണ്ട് .
പ്രതീക്ഷകളുണ്ട് .
യാമാന്ത്യങ്ങളുടെയും
അസ്വസ്ഥതകളുടെയും
കൂടെ
ജാഗ്രതയാർന്നൊരു
കാത്തിരിപ്പുണ്ട് ...
വരും
അവൻ വരും ....
Comments
Post a Comment