ഞാനില്ലാതായാൽ

 


എന്റെ നിഴലിവിടെയവശേഷിക്കും .

എന്നുമെന്നെച്ചുറ്റി നടന്നവൻ

വേർപെടുന്ന അവസ്ഥയിൽ

അതിനപ്പൂപ്പൻതാടിയുടെ

ലാഘവത്വം 

സ്വാതന്ത്ര്യം .


എത്ര ഉയരങ്ങളതിന് കേറാം !

ഒന്നുമോർക്കാതെ

കാറ്റ് കൊണ്ടുപോന്നിടത്ത്

വിശ്രമിക്കാം .


ഞാൻ നട്ട മരത്തിലതിന്

ഊഞ്ഞാലാടാം.

അപ്പോഴതിനെന്റെ മണം

കിട്ടിയേക്കാം .

അതിന്നുച്ചിയിലിരുന്ന്

എന്റെ ആകാശയാത്ര കാണാം .


പെരുമഴയോടൊപ്പം

മണ്ണിൽ പതിച്ചേക്കാം .

എന്റെ കാലടിയമർന്ന

കുഴിയിലത്

പറ്റിപ്പിടിച്ച് കിടന്നേക്കാം .

എന്റെ മണമതിന് കിട്ടുമല്ലോ .


ഒടുക്കം കറുത്ത വിത്ത്

വേർപെടുമ്പോൾ

ഒരു നൂറ് നൂലിഴകളായ്

ചിന്നിച്ചിതറാം .


എന്റെ നിഴലിനപ്പഴേ

മുക്തി ലഭിക്കുളളു.

എനിക്കും ....

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്