യാത്രാവസാനം
ആകെ നരച്ചല്ലോ സഖീ
അകവും പുറവുമൊരു പോലെ അല്ലേ?
യൗവനത്തിളയടങ്ങി
സുഖനിദ്രപ്പാടുകൾ തെളിഞ്ഞു
കുറുകലോടൊരു ശബ്ദമടഞ്ഞു
കൈവിറ, കാൽവിറ
നിശബ്ദമാം കൈയ്യേറ്റമോ !
ഈ രാവിലറിഞ്ഞു ഞാൻ
കൊഴിഞ്ഞേ പോകും നിമിഷ ദള-
ങ്ങൾ തൻ ദീനസ്വനം.
കണ്ടൂ ഞാൻ നിറങ്ങളലിയുന്നതും
നിഴൽ കുറുകുന്നതുമില്ലാതാവുന്നതും .
പൂർണ്ണനിൽ നിന്ന് ശൂന്യതയിലേയ്ക്ക്
ശൂന്യതയിൽ നിന്നും പൂർണ്ണനാവുന്നതും .
നിന്നിലേയ്ക്കമർന്ന് തീരുന്നൊരു
പകലിൻ ജഢജാഢ്യഭാവങ്ങൾ
ഒരു നക്ഷത്രമെരിഞ്ഞുതിരുന്നു
ഒരു തീഗോളജ്വാലയലിഞ്ഞു തീരുന്നു
വെളിച്ചപ്പൊട്ടുകൾ മിന്നി മിന്നിയൊരു
ആകാശയാനം നീങ്ങി മറയുന്നു.
നിൻ മിഴിവെട്ടത്തിലൊതുങ്ങുന്നു ഞാനും
ശിലാമൌനമായൊ
ശിശിരാന്ധകാരമായൊ !
രാവിനെയറിയുന്നിപ്പോൾ ഞാൻ
ഏറ്റുവാങ്ങിയെല്ലാമൊരു
പുതുസൂര്യനെ ഗർഭം ധരിക്കുവാൻ
തിരിച്ചു പോവാൻ വെമ്പുന്നു സഖീ
മൌനത്തിലൊളിപ്പിച്ച ദീർഘഭാഷണങ്ങളും,
വാറ്റിയെടുത്ത കൊടും നിശബ്ദതയും
നിശ്വാസങ്ങളും ,ലാളനങ്ങളും
തിരികെയേൽപ്പിക്കാമിനി
ഈ സ്വർഗ്ഗസമാനമാം രാവിന് ..'
മടങ്ങാമിനിയൊരറിയിപ്പുമില്ലാതെ
രാവിൻ മടിത്തട്ടിലേക്ക് ...
Comments
Post a Comment