പന്ത് കളി
പന്ത് പോലുരുണ്ട് പോവുന്നു
മാനവനെന്നുമൊരു കാൽപന്ത് പോൽ.
അഭയാർത്ഥി പന്ത്.
ഒരു തട്ടിൽ രാജ്യാതിർത്തികൾ
കടന്നത് ചളി പുരണ്ടെത്തുന്നു .
ഉരുണ്ടു വന്നിടത്ത്
മൈതാനങ്ങളിലും
വെളിമ്പറമ്പുകളിലും
നാറും കാനകൾക്കരുകിലും
അനക്കമറ്റ് കിടക്കുന്നു .
ഒരു കൂട്ടം പന്തുകൾ .
കണക്കെടുപ്പിനൊടുവിൽ
സുരക്ഷയ്ക്ക് ഭീഷണിയത്രെ!
വീണ്ടുമൊരു കാലൂക്കിൽ
നിയന്ത്രണരേഖകൾ കടന്ന് പോകണം !
അങ്ങോട്ടുമിങ്ങോട്ടും തട്ടി
പൊട്ടിത്തീരുംവരയോ
കാറ്റൊഴിഞ്ഞ് പോവും വരയോ !
ഒരിക്കലും ഗോളാവാതെ
മൈതാനങ്ങളിലും
ഇരുളിടങ്ങളിലും
ഉരുണ്ടുരുണ്ട് പോവാൻ മാത്രം
വിധിയ്ക്കപ്പെട്ട പന്തുകൾ ....
Comments
Post a Comment