അകലങ്ങളിൽ
എന്നിൽ നിന്നും നിന്നിലേക്കും
നിന്നിൽ നിന്നും എന്നിലേക്കും
ഉറപ്പേറിയൊരു സഞ്ചാരപഥമുണ്ടായിരുന്നു .
ഇന്നതൊരു നൂൽപ്പാലമായിരിക്കുന്നു .
ഏതു നിമിഷവും
പൊട്ടിവീഴേക്കാവുന്നത് .
അഗാധങ്ങളിലെ
കാത്തിരിപ്പല്ല .
അനാദികാലം മുതൽക്കുള്ള
കാത്തുവെപ്പാണ്
കൈമോശം വന്നത്..
കളിപ്പാവകൾ നമ്മൾ
തീപ്പന്തങ്ങൾ നമ്മൾ
നിതാന്ത ജാഗ്രത പുലർത്തേണ്ടതിനെ
നിർവികാര ചിന്താദാരിദ്ര്യമാക്കി നമ്മൾ.
നീയാണോ കുറ്റക്കാരൻ !
ഞാനോ കുറ്റക്കാരൻ!
നമ്മളെന്ന് പറയുന്നവരാരെങ്കിലും ?
കുറുക്കന്റെ ഞൊട്ടിനുണയലായി
ആദ്യത്തെ നമ്മുടെ പിണക്കം
പരസ്പരം ചീറിയടുത്ത
നമ്മളെ നോക്കി
ഗ്യാലറിയിലെ കാണികളായവർ ..
ഒരിയ്ക്കൽ ചോര നുണഞ്ഞാൽ
പിന്നീട് രുചിയോർത്തു വരുമത്രെ ..
വന്നു ...
തെരുവുകളിൽ
സിനിമാശാലകളിൽ
ആരാധനാലയങ്ങളിൽ
വെളിമ്പറമ്പുകളിൽ
വെറുതെ പൊട്ടിത്തെറിക്കുകയോ
വെട്ടിത്തീരുകയോ ,
കുത്തിപ്പിളരുകയോ ചെയ്തു നമ്മൾ..
കൊടികളിൽ കോർത്ത
ജീവനുള്ള മാംസാഹാരം .
ആരാധാനാലയങ്ങളിലിരുന്നും
രുചിയോടെ മാംസം രുചിച്ചവർ ..
ഒരു സൂത്രധാരനിലും
ഒന്നും പിഴക്കുന്നില്ല..
അവനാടിപൊയ്ക്കഴിയുമ്പോൾ
ഭൂതഗണങ്ങളിറങ്ങും .
രക്തപുഷ്പാഞ്ജലികളും
ബലിയറവുകളും നൽകി
നമ്മളെന്നും ശക്തി സംഭരിച്ചു വെച്ചു .
വേലികൾക്കപ്പുറമിപ്പുറമായപ്പോൾ
ഉഗ്രതാണ്ഡവം .
മകുടങ്ങൾ തകർത്ത ദിനം
മറ്റൊരു ശിലായുഗം .
ഇന്നത് പിറന്നയിടങ്ങളിൽ
അന്യഥാബോധങ്ങളുണർത്തി
ആറാട്ടിനോടടുത്തിരിക്കുന്നു.
നേർരേഖയിൽ നിന്നും
നമ്മളെന്ന് തിരിഞ്ഞുനോക്കും ...!!!
നിന്റെ യാത്രയിലും
എന്റെ യാത്രയിലും
നാം പണിത മൈൽക്കുറ്റികൾ .
അടയാളപ്പെടുത്തലുകൾ ..
നൂൽപ്പാലത്തിനടുത്തെത്തി നമ്മൾ...
തിരിഞ്ഞുപോകാം...
അല്ലെങ്കിൽ
ഒന്നിച്ചാ നൂൽപ്പാലം കടക്കാം....
Comments
Post a Comment