മുഖാവരണം പറയുന്നത്



തീയലകളുണ്ടാവാം .

ദീർഘനിശ്വാസത്തിന്റെ ...


നിറം കലർത്തി

ഇഴചേർന്ന്

സുതാര്യാവരണമായി

കാഴ്ചയെ പരിമിതപ്പെടുത്തി

മുഖക്കർട്ടനായി

ഇളകിയാടുമ്പോൾ

നിന്റെ

തീയലകളേൽക്കുന്നുണ്ട് .


കണ്ണീർത്തുള്ളികൾ

തെറിക്കുന്നുണ്ട് .

നീയെന്ന

ചലിക്കുന്ന

ബിംബത്തെയറിയുന്നുണ്ട് .


സുറുമ മഷി പടരുന്നുണ്ട് .

നിന്റെ പുകച്ചിലുകളുടെ

ആവിയേറ്റ് തരിയ്ക്കുന്നുണ്ട് .


ആൾക്കൂട്ടത്തിലെ

വിഭ്രമാവസ്ഥയും

വല്ലപ്പോഴും 

പാളി വീഴുന്ന

നിന്റെ കുസൃതി നോട്ടങ്ങളെയും

പുളകത്തോടെ

ഏറ്റുവാങ്ങുന്നുണ്ട് .


പറഞ്ഞു തീരാത്തതെന്തോ

എനിയ്ക്ക് പുറകിൽ

വിതുമ്പലായൊ

പിറുപിറുക്കലായൊ

പല്ലിറുമ്മലായൊ

മുറിഞ്ഞുപോവുന്നുണ്ട് .


അവിചാരിതമായിക്കിട്ടിയ

ഒരു ചുംബനത്തിന്റെ

ഉന്മാദാവസ്ഥയെ

നനവോടെയലിവോടെ

ഏറ്റുവാങ്ങിയിട്ടുണ്ട് .


നിന്റെ സഞ്ചാര നേരങ്ങളിൽ

നിന്റെ കണ്ണായും മാറുന്നുണ്ട് .


രാത്രി നേരങ്ങളിൽ

അഴിച്ചുമാറ്റപ്പെട്ട

ഒരഴുക്കു തുണിയായി

മാറ്റപ്പെടുമ്പോൾ 

ആശ്വാസത്തിന്റെ 

ഒരു പുഞ്ചിരി നിന്നിൽ

തെളിയുന്നുണ്ട് .


ഞാനാലോചിക്കുകയാണ് .

ഞാൻ നിന്റെ ആരാണ് ?

നിന്റെ രക്ഷകനോ?

ശിക്ഷകനോ ?

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്