നേർത്തുനേർത്തുപോവുന്ന വിളികൾ
ഉറക്കത്തിലമരും നേരം
കേൾക്കാമൊരു വിതുമ്പൽ
ഉണരാതെ തന്നെ
ചുറ്റിനും പരതും
ഇരുളിലൊടുങ്ങിപ്പോവുന്ന
അവസാനരോദനം
"മ്മേ"യെന്നൊരു പിടച്ചിൽ
തിരിഞ്ഞുമറിഞ്ഞുമുറങ്ങുമ്പോൾ
ചിതറിപ്പോയൊരു ശരീരഭാഗം
അരികിൽ വന്നു വീണതായൊരനുഭവം
ഞെട്ടിയുണരുമ്പോൾ
അകന്നകന്നില്ലാതായി
തിരിച്ചു വരുന്ന
തേങ്ങലിന്റെ ശബ്ദവിന്യാസം .
ഏകാന്തതയിൽ ലയിക്കുമ്പോൾ
വ്യക്തമായി കേൾക്കാമൊരു
ശ്വാസഗതിതൻ
വലിഞ്ഞുമുറുകൽ
തടഞ്ഞുവെക്കപ്പെട്ട
പിടഞ്ഞു തീരുന്ന
പ്രാണന്റെ
വികാര പാരവശ്യങ്ങൾ .
ചിറകറ്റ മാലാഖമാർ
തൂവലരിഞ്ഞ പക്ഷികൾ
പകൽസ്വപ്നത്തിലെ
വെള്ളിവെളിച്ചത്തിലേക്ക്
ചോരയൊലിപ്പിച്ച്
വന്നു വീഴുന്നു .
വിരലുകൾ മുറിഞ്ഞ് പോയ
ഒരെഴുത്തുകാരൻ
പൂർത്തിയാവാത്ത
തന്റെയെഴുത്തിനെയോർത്ത്
മുറിവുകൾ തലോടി തലോടി ....
Comments
Post a Comment