പ്രണയകവിതകൾ 21

 1. പ്രണയമിന്നസ്വസ്ഥമായ് 

ചരിക്കുന്നു

പ്രണയമിന്ന് സ്നേഹശൂന്യമായ് 

ചിരിയ്ക്കുന്നു ......

2. ഒരൊറ്റ

കയറിൽ 

തൂങ്ങി

പ്രണയം

സാർത്ഥകമാവുന്നു ..

3. ഒരു പൂവിൽ

നിന്റെ ഹൃദയം

വെച്ച് നീട്ടുമ്പോൾ

നീ ഹൃദയശൂന്യനെന്ന്

പറഞ്ഞതെത്ര ശരി !

4. ഞാൻ നിന്നെ സ്നേഹിക്കുന്നു .

പ്രണയസാഫല്ല്യ (?) ശേഷം

നിനക്കീ

വരികൾ 

തെറ്റാതെ 

പറയാനാവുന്നില്ലല്ലോ !!!

5. മരിച്ചതിനും

പോയ് പോയതിനുമാണ്

ഓർമ്മ ദിനങ്ങൾ !

എങ്കിൽ

പ്രണയത്തിനും

കറുകയും

എള്ളും

വെള്ളവും 

ചേർത്തൊരുരുളച്ചോറ് !


6. ഞാനും നീയും

പ്രണയിച്ചപ്പോൾ

ലോകം ചുരുങ്ങി

നിശബ്ദതയിൽ

ഒരു O വട്ടമായി .

ഞാനും നീയുമറിഞ്ഞപ്പോൾ

ശബ്ദകോലാഹലങ്ങൾ

നമ്മെ പുൽകി .

അപ്പോഴാണ്

നമ്മളൊറ്റയായതും

വെവ്വേറെ O വട്ടത്തിൽ

ഒതുങ്ങിയതും ...


7. അഭിനവ

പ്രണയകാലത്ത്

വല്ലഭന്

ആസിഡുമായുധം !


8. പൂക്കളിൽ

സുഗന്ധരാജനെനിക്കിഷ്ടം .

നീ മൊഴിഞ്ഞൊരിക്കൽ .

നിന്റെ കണ്ണിലൊരായിരം

വർണ്ണജാലങ്ങൾ .

തൊട്ടരികത്തെ

മുക്കുറ്റി പൂക്കൾ

പറിച്ച് ഞെരിച്ചമർത്തി

പ്രണയായാവേശത്തോടെയവൾ .

പ്രണയത്തിന്

കണ്ണില്ല

എന്ന് പറഞ്ഞതാരാണ് !!


9. പവിഴമല്ലിപ്പൂക്കളെന്ന് നീ

മുള്ളിൻമുരിക്കെന്ന് ഞാൻ


തുടക്കം

ഒടുക്കം

എന്ന് മുൻഷി !


10. താടിയും മുടിയും നീട്ടി

ഭ്രാന്തനായലഞ്ഞു

പ്രണയപ്പാതി .

സ്ലീവ് ലെസ് ബ്ലൌസ്ലിട്ട്

ബീ എം ഡബ്ല്യുവിലോടി

മറുപാതി...


11.

നാരായണിയുടെ

പ്രണയചിഹ്നം

മതിലിനപ്പുറം

ഇന്നുമുയർന്നും

താണുമങ്ങിനെ.

അറിയാനാളില്ലാതെ ..


12.

കരിനിറഞ്ഞ 

ചുവരിൽ

മഞ്ഞൾപ്പൊടിയാൽ

അവളെഴുതി 

"പ്രണയ ശിഷ്ടം ''


13 .

പ്രായോഗികമല്ലാത്ത

പ്രതിജ്ഞകളുടെ

ആവർത്തന വിരസത

നിറഞ്ഞ കാലം

പ്രണയകാലം ..

മാടപ്രാക്കളിൽ

നിന്ന്

കോഴിപ്പോരിലേയ്ക്കുള്ള ദൂരം ..

വിരസ കാലം ...

14. 

വിമലയുടെ

സുമിത്രയുടെ

സുഹറയുടെ

തുളുമ്പാത്ത

പ്രണയം

വിസ്മയങ്ങൾ

തീർത്തത് .


വിലമതിക്കാനാവാത്ത

പ്രപഞ്ച നിഗൂഢത .

പുരുഷന്റെ

തൃലോക തോൽവി ! 

പടരാതെ പോയ

അണിയാതെ പോയ

സ്വർഗ്ഗ വൈഡൂര്യ രത്നഹാരങ്ങൾ !!



15.

പാടില്ല പാടില്ല നമ്മെ നമ്മൾ ...

അന്ന് 

പാടിയിരുന്നേങ്കിൽ

ചന്ദ്രിക

രമണനെ

കയ്യൊഴിയുമായിരുന്നില്ല !



16.

ജനിതക

വൈവിധ്യങ്ങൾക്കിടയിലും

ആൺ-പെൺ ഭാവങ്ങൾ

ഒന്നെന്ന്

പ്രണയം സാക്ഷി .

ഞാനെന്ന ആദ്യ പുരുഷനിലും

പെണ്ണെന്ന തിരിച്ചറിയലിലും

നിറഞ്ഞു തുളുമ്പിയത് ..



17 .


ദ്വന്ദ ഭാവങ്ങളിൽ 

പ്രസരിപ്പോടെ 

തിളങ്ങി നിൽക്കും .

ഏക ഭാവത്തിൽ

മങ്ങലോടെ

മയങ്ങി

സാക്ഷാൽക്കാരവേദിയിൽ

പിണങ്ങിയകലുന്ന

പ്രണയദൈന്യം 

കാഴ്ചാ നൈരന്തര്യം ..


18.

വരും ജന്മത്തിലെങ്കിലു -

മൊന്നാവാമെന്നാവുമ്പോൾ

ഒരു പുഴുവായ്

ജന്മമെങ്കിലെന്നെ നീ

തിരിച്ചറിഞ്ഞീടുമോ 

എന്നവൾ !

വൃഥാവിലാവുമോ

വരും ജന്മവും !


19.

കടലെന്ന പോലെ ?

ഉം .. ഉം ...

ആകാശമെന്ന പോലെ ?

ഉം..ഉം..

ഭൂമിതന്നാഴമെന്ന പോലെ ?

ഉം...ഉം...

ചക്രവാളം ?

സമുദ്രനീലിമ ?

പ്രപഞ്ച ഗഹനത?

ഉം .... ഉം.. ഉം...


പിന്നെ ?


നീയെന്നപോൽ

നീയെന്നപോൽ

മാത്രം !!


20.

പ്രണയം

പണയം

വെച്ചവൾ

പുതു ജീവിതം 

തുടങ്ങി .


പണയം

പഴകിയപ്പോൾ

കടം വീട്ടി

തിരികെയെടുത്തവൾ

മറ്റൊരു

ജീവിതം തുടങ്ങി !













Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്