ഭ്രാന്തൻ പ്രണയങ്ങൾ

 


എന്നെയറിയുമോയെന്ന്

ചോദിക്കുന്നു

പുലരികൾ ,നട്ടുച്ചകൾ ,

നിറഞ്ഞ സന്ധ്യകൾ,

രാവെട്ടങ്ങൾ ..

എന്നെ മറന്നോയെന്ന്

ഞാൻ ചോദിക്കും പോൽ...

ഓരോ നിറങ്ങൾ കാട്ടിയെന്നെ

ഉന്മത്തനാക്കുന്നു .


അറിയുമെങ്കിലു- 

മറിയില്ലെന്നുത്തരം.

കിളിപാടും കാവുകളിൽ

മഞ്ഞവെയിൽ നിറങ്ങളോടൊത്താടിയത്!

മഞ്ഞളിൽ കുളിച്ചത് !

നാഗഫണങ്ങൾ

ഉരുമ്മിയുരിഞ്ഞെറിഞ്ഞ

ഉടൽ നിറങ്ങൾ !

ഓർമ്മയുണ്ടോ !

ഒടുവിൽ നാഗഫണത്താലിയണിഞ്ഞ്

നീ മറഞ്ഞത് !


കുന്നിൻ മുകളിലെ നട്ടുച്ചയിൽ

ചരൽക്കല്ലുകളുകളെയുരുമ്മിക്കരയിച്ച

സുഖദംശന പിടച്ചിലുകൾ !

ഒരു ദേവത !

വിളിപ്പുറത്തെ ദേവത !

മഞ്ഞിറങ്ങുന്ന സന്ധ്യയിൽ

മഞ്ഞിലലിഞ്ഞു ദേവത!

പൊട്ടിച്ചിരിയുടെ

പ്രതിധ്വനിയിൽ

മഞ്ഞ് ദേവതയെന്ന്

നിനക്ക് പേർ !


കാൽ ചങ്ങലക്കിലുക്കങ്ങൾക്കിടയിൽ

വാതിലോടാമ്പൽ

നീക്കിയെത്തുന്നത്

ഏത് ദേവതയാവും !


ഇന്ന് പുലരിയില്ല

ഉച്ചകളില്ല

മഞ്ഞൾ സന്ധ്യകളില്ല

ഉതിരും രാക്കിളി മർമ്മരങ്ങളും ...

വാക്കുകൾ എന്നിലേക്ക്

തിരിച്ചെത്തുന്ന

ഗുഹാതീരങ്ങൾ മാത്രം !

Comments